Tuesday 19 June 2018

ജില്ലാ ഹരിതോത്സവം മുണ്ടേരി ഗവ. ഹയര് സെക്കണ്ടറി സ്കൂളില് നടന്നു

ഹരിതോത്സവം 2018 എന്ന പേരില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ബോധവല്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ് 5 ന് മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടിറി സ്കൂളില്‍ രാജ്യസഭാഗം ശ്രീ. കെ.കെ. രാഗേഷ് എം. പി നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക, ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങല്‍ള്‍ മുന്നിര്‍ത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ അഭിയാനും ഹരിതകേരള മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ. പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി. സി.ഐ. വത്സല സ്വാഗതവും ശ്രീ. പി. പ്രദീപ്( എച്ച് എം) നന്ദിയും പറഞ്ഞു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാ പഠനത്തിന് വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടി
ഇംഗ്ലീഷ് ഭാഷാശേഷി വര്‍'ദ്ധിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും സര്‍വ്വശിക്ഷാ അഭിയാന്‍ പ്രത്യേക പരിപാടി ആവിഷ്ക്കരിക്കുന്നു. ഹലോ ഇംഗ്ലീഷ്  - തുടര്‍ പരിപാടിയിലൂടെ ഒരു മാസത്തിനുള്ളില്‍ ഇംഗ്ലീഷ് ഭാഷയില്‍ ശ്രവണം, ഭാഷണം, ലേഖനം, വായന എന്നീ  മേഖലയില്‍  മികവ് നേടുകയാണ് ലക്ഷ്യം. ആദ്യപടിയായി മുഴുവന്‍ വിദ്യാലയങ്ങളിലും 2 മണിക്കൂര്‍ വീതമുള്ള 5 ലഘു ശില്പശാലകളിലൂടെ കുട്ടികളുടെ പഠന നിലവാരം മനസിലാക്കും. ജൂണ് മൂന്നാം വാരം ക്ലാസ് പി ടി എ വിളിച്ച് ചേര്‍ത്ത് കുട്ടിയുടെ നിലവാരം ചര്‍ച്ച ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടെക്സ്റ്റ് ബുക്ക് പ്രവര്‍ത്തനങ്ങള്‍ ഹലോ ഇംഗ്ലീഷ് പഠനരീതിയുമായി ബന്ധപ്പെടുത്തും. ഹലോ ഇംഗ്ലീഷ് ടീച്ചേര്‍സ് ജേര്‍ണല്‍ എന്ന കൈപ്പുസ്തകം  മുഴുവന്‍ വിദ്യാലയങ്ങളിലും നല്കും. ജൂലായ് അവസാനം വീണ്ടും വിളിച്ച് ചേര്‍ക്കുന്ന ക്ലാസ് പി ടി എ യില്‍ കുട്ടികളുടെ പഠനത്തെളിവുകള്‍ അവതരിപ്പിക്കും.

പ്രവേശനോത്സവം 2018-19

പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ആവേശകരമായി
മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ ക്വിസ്മാസ്റ്ററായി . ലോകകപ്പ് ആരവം ഉയരുന്ന വേളയില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ രാജ്യം എതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുഞ്ഞിമംഗലം എന്ന കാല്‍പന്തിന്‍റെ നാട്ടിലെ കുട്ടികള്‍ക്ക് ഉത്തരം പറയാന്‍ ആവേശമായി. ആദ്യം കൈയുയര്‍ത്തി ബ്രസീല്‍ എന്ന് പറഞ്ഞ റാഷിയെ മന്ത്രി വേദിയിലേക്ക് ക്ഷണിച്ചു. പ്രശസ്ത ഫുട്ബോള്‍ താരം സി.കെ. വിനീത് റാഷിക്ക് സമ്മാനമായി ഫുട്ബോള്‍ നല്‍കി
കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടന വേദിയിലായിരുന്നു  മന്ത്രിയുടെ ക്വിസ് മത്സരം. ടി.വി. രാജേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്  കുട്ടികല്‍ക്ക് പ്രവേശനോത്സവ സന്ദേശം നല്കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി. സി. ഐ വത്സല സ്വാഗതവും എന്‍ . സുബ്രഹ്മണ്യന്‍( ഹെഡ്മാസ്റ്റര്‍) നന്ദിയും പറഞ്ഞു.


Friday 27 April 2018

എസ് എസ് എ കണ്ണൂര്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു..


സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ ഡേ.പി.വി. പുരുഷോത്തമന്‍ മാസ്റ്റര്‍ക്ക് ഔപചാരികമായ യാത്രയയപ്പ് നല്‍കുന്നു. ഏപ്രില്‍ 28 ന് രാവിലെ ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്ഫറന്‍സ് ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പി. ജയബാലന്‍ അധ്യക്ഷത വഹിക്കും.  ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം പി.കെ. ശ്രീമതി ടീച്ചര്‍ എം. പി ഉദ്ഘാടനം ചെയ്യും. എസ് എസ് എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ. പി. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി വിശിഷ്ടാതിഥിയാകും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. 

 

അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി ..


             ''കൂടുതല്‍ മികവിലേക്ക് ഓരോ വിദ്യാലയവും ഓരോ ക്ലാസും ഓരോ കുട്ടിയും'' എന്ന ആശയത്തോടെ ഈ വര്‍ഷത്തെ അധ്യാപക പരിശീലനം  ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍  ഏപ്രില്‍ 25 മുതല്‍ ആരംഭിച്ചു.  പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് 8 ദിവസത്തെ പരിശീലനമാണ്  ഇത്തവണ ലഭിക്കുക. ഗണിതം, പരിസരപഠനം, ഭാഷ എന്നീ വിഷയങ്ങളോടൊപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനിന്‍റെ പ്രയോഗം, ഭിന്നശിഷിക്കാരുടെ വിദ്യാഭ്യാസം , ഹരിതോത്സവം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയ പൊതുവിഷയങ്ങളിലുമാണ് പരിശീലനം . 2018-19 അധ്യയന വര്‍ഷം എല്‍ പി / യു പി ക്ലാസുകളില്‍ ഇംഗ്ലീഷ് ഭാഷക്ക് മുമ്പത്തേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇഗ്ലീഷ് പഠിപ്പിക്കാന്‍ സന്നദ്ധരായ അധ്യാപകര്‍ക്ക്  ഹലോ ഇംഗ്ലീഷ് 8 ദിവസത്തെ പരിശലനം നല്‍കും. ഗണിതത്തില്‍ പിന്നാക്കാവസ്ഥ മറികടക്കാനും  പഠനം രസകരമാക്കുന്നതിനും നിരവധി പഠനോപകരണങ്ങളുടെ നിര്‍മ്മാണവും  പ്രയോഗവും ഇത്തവണത്തെ പരിശീലനത്തിന്‍റെ പ്രത്യേകതയാണ്.  ശാസ്ത്രവിഷയത്തില്‍ കുട്ടികള്‍ക്ക് സ്വയം പരീക്ഷണങ്ങളിലേര്‍പ്പെടാനുള്ള നിരവധി ഉപകരണങ്ങളുടെ നിര്‍മ്മാണവും പരിശീലനത്തില്‍ നടക്കും. അറബി, ഉറുദു, സംസ്കൃതം  എന്നീ ഭാഷകളിലും എട്ടു ദിവസത്തെ പരിശീനം നല്‍കും. പരിശീലന കേന്ദ്രങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ ബാധകമാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും, സര്‍വ്വശിക്ഷാ അഭിയാന്‍റെയും ഡയറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലനത്തിന്‍റെ ജില്ലാ തല ഉദ്ഘാടനം ഏപ്രില്‍ 25 ന് ചാല ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍  വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി ഐ വത്സല, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് പി.യു. രമേശന്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.










Wednesday 18 April 2018

അവധിക്കാല അധ്യാപകപരിശീലനം - ഡി ആര്‍ ജി ട്രെയിനിങ്ങിന് തുടക്കമായി

വിവിധ വിഷയങ്ങളില്‍ / ക്ലാസുകളില്‍  നടന്ന ഡി ആര്‍ ജി ട്രെയിനിങ്ങിലൂടെ...







Thursday 15 March 2018

ഹലോ ഇംഗ്ലീഷ് വിജയ പ്രഖ്യാപനം

സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളിലെ  വിദ്യാര്‍ത്ഥിക്ക്  ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കാനായി സര്‍വ്വശിക്ഷാ അഭിയാന്‍റെ  ആഭിമുഖ്യത്തില്‍  മാര്‍ച്ച് 7 മുതല്‍ 12 വരെ 5 ദിവസമായി പൂമംഗലം യു പി സ്കൂളില്‍ നടന്ന ഹലോ ഇംഗ്ലീഷിന്‍റെ വിജയപ്രഖ്യാപനം 33 വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷിലുള്ള സ്കിറ്റ്, സ്വാഗതഗാനം, സംഭാഷണം, വായന തുടങ്ങി വിവിധ പരിപാടികളോടെ നടത്തി. കുറമാത്തൂര്‍ പഞ്ചായത്ത്  പ്രസിഡണ്ട് ഐ.വി.നാരായണന്‍റെ അധ്യക്ഷതയില്‍  കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി. പി. ദിവ്യയാണ് വിജയപ്രഖ്യാപനവും ക്ലാസ് നയിക്കുന്ന അധ്യാപകരെ ആദരിക്കലും നിര്‍വ്വഹിച്ചത്. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി . പി. ഐ . സുഗുണന്‍ ( എ . ഒ- ഡി ഡി ഇ ഓഫീസ് കണ്ണൂര്‍), ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, എസ് എസ് എ പ്രോഗ്രാം ഓഫീസര്‍മാരായ ടി.പി. വേണുഗോപാലന്‍, വിശ്വനാഥന്‍   ബി പി ഒ  എസ്. പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.







ഗണിതവിജയം ലക്ഷ്യസാക്ഷാത്ക്കാര പ്രഖ്യാപനവും സെമിനാറും - 5/3/2018

എല്ലാ കുട്ടികളെയും ഗണിതശേഷികളുടെ ഉടമകളാക്കാന്‍ സര്‍വ്വശിക്ഷാ അഭിയാന്‍ നടപ്പിലാക്കിയ  ഗണിതവിജയം പദ്ധതിയുടെ ലക്ഷ്യസാക്ഷാത്ക്കാര പ്രഖ്യാപനം ശിക്ഷക്സദനില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്  കെ. വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തിന്‍റെ മികവ് വര്‍ദ്ധിപ്പിക്കാനുള്ള കാര്യക്ഷമവും നുതനവമായ ഇടപെടലാണ് ഗണിതവിജയമെന്ന് അദ്ദേഹം പറഞ്ഞു. ഗണിതപഠനം രസകരവും ആസ്വാദ്യവുമാക്കുന്നതിലൂടെ കുട്ടികളുടെ വിവിധ കഴിവുകള്‍വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ അധ്യക്ഷനായി. ഗണിതവിജയം വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലയിലെ 15 വിദ്യാലയങ്ങല്‍ക്കുള്ള ഉപഹാരം മേയര്‍ ഇ. പി. ലത വിതരണം ചെയ്തു. ഗണിതോപകരണ പ്രദര്‍ശന ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ഡി ഇ ഒ കെ. വി. ലീല, എ ഇ ഒ കെ.വി. സുരേന്ദ്രന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി. അജയകുമാര്‍ , അധ്യാപക സംഘടനാ നേതാക്കളായ വി.പി. മോഹനന്‍, കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ സ്വാഗതവും, ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.   ഗണിതബോധനത്തിലെ വെല്ലുവിളികള്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ സി. എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ എസ്. കെ. ജയദേവന്‍ വിഷയം അവതരിപ്പിച്ചു.  സി . പി. പത്മരാജന്‍- ഡി ഡി ഇ  ഇന്ചാര്‍ജ്ജ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ ടി.വി. വിശ്വനാഥന്‍ സ്വാഗതവും  എ ഇ ഒ പി.പി. സനകന്‍ നന്ദിയും പറഞ്ഞു.













Edu Fest -2018 (2018 ഫെബ്രുവരി 17 ..)

തളിപറമ്പ്നിയോജകമണ്ഡലത്തിലെ എന്‍റെ സ്കൂള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ വാര്‍ഷിക കൂടിച്ചേരലാണ്  Edu Fest -2018. മണ്ഡലത്തിലെ 1 മുതള്‍ 12 ക്ലാസുകളിലെ മുഴുവന്‍ അധ്യാപകരും, പി ടി എ , മദര്‍ പി ടി എ  പ്രസിഡണ്ടുമാരും ജനപ്രതിനിധികളും  വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു. 2017-18 വര്‍ഷത്തെ വിദ്യാലയങ്ങളിലെ അക്കാദമിക മികവുകള്‍ പ്രദര്‍ശിപ്പിക്കുകയും  പങ്കുവെക്കുകയും ആണ്  എഡ്യുഫെസ്റ്റില്‍ ചെയ്തത്
കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കേരളത്തിലെ  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാവുന്ന നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ  സെഷനുകള്‍ക്ക്  എഡ്യുഫെസ്റ്റ് വേദിയായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ശ്രീ. ജെയിംസ്  മാത്യു എം എല്‍ എ . എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സി ഇ ഒ  പി. കെ ജയശ്രീ ഐ എ എസ്, കോ- ഓര്‍ഡിനേറ്റര്‍  സി. രാമകൃഷ്ണന്‍ , എച്ച് എസ് എസ് ജോയിന്റ് ഡയറക്ടര് ശ്രീ. പി. പി. പ്രകാശന്‍, എസ് എസ് എ സ്റ്റേറ്റ് കnണ്സള്‍ട്ടന്റ് ഡോ. ടി പി . കലാധരന്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രശസ്തര്‍ വിദ്യാഭ്യസ സംഗമത്തിലെ വിശിഷ്ടാതിഥികളായി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കി.



Monday 15 January 2018

രക്ഷാകര്‍ത്തൃ വിദ്യാഭ്യാസത്തിനു തുടക്കമായി

രക്ഷിതാക്കള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത ക്ലാസുകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. ചെറുമാവിലായി യു പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ‍
ഡി ഡി ഇ കരുണാകരന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ വി പദ്മനാഭന്‍, ഡി ഇ ഒ ലീല കെ വി, എ ഇ ഒ ഉഷ കെ, ബി പി ഒ പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡയറ്റ് ഫാക്കല്‍ട്ടി രമേശന്‍ കടൂര്‍, ട്രെയിനര്‍ പി ശിവദാസന്‍ എന്നിവര്‍ ക്ലാസെടുത്തു.