Saturday, 15 October 2016

തളിപ്പറമ്പ് മണ്ഡലം വിദ്യാഭ്യാസ പദ്ധതി

ജെയിംസ് മാത്യു എം എല്‍ എ യുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഭൗതിക സൗകര്യ വികസനത്തില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയ മണ്ഡലത്തില്‍ അക്കാദമികമേഖല ശക്തിപ്പെടുത്താനാണ് ഇനി ശ്രദ്ധ ചെലുത്തുകയെന്ന് എം എല്‍ എ പറഞ്ഞു. ഐ ടി അധിഷ്ഠിത പഠനം സാധ്യമാക്കാനുള്ള ഭൗതികസൗകര്യങ്ങള്‍ എല്‍ പി, യു പി സ്കൂളുകളില്‍ പൂര്‍ത്തിയായെന്ന് അദ്ദ്യേഹം പറഞ്ഞു. LFVD ( Large Format Visual Display), ഓപ്റ്റിക്കല്‍ കേബിള്‍ കണക്റ്റിവിറ്റി, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സൗകര്യം എന്നിവ ഇതില്‍ പെടുന്നു.

തുടര്‍ന്നു സംസാരിച്ച എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ റിസോഴ്സ് ബ്ലോഗുകളുടെ സഹായത്തോടെ ICT റിസോഴ്സ് പിന്തുണ ഉറപ്പിക്കാനാവുമെന്ന് വ്യക്തമാക്കി. കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ LASER റിസോഴ്സ് ബ്ലോഗ് അദ്ദ്യേഹം പരിചയപ്പെടുത്തി. കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമും തുടര്‍ന്ന് പരിചയപ്പെടുത്തി. വിവിധ ബി ആര്‍ സി കള്‍ റിസോഴ്സ് സാമഗ്രികളുടെ നിര്‍മാണം ഏറ്റെടുത്താല്‍ ഡയറ്റിന്റെ റിസോഴ്സ് ബ്ലോഗില്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാവുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതിന്റെ പ്രാഥമികമായ ചില മാതൃകകള്‍ അടുത്ത ക്ലസ്റ്ററില്‍ തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ബി ആര്‍ സി കള്‍ പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായുള്ള ആദ്യ കൂടിയിരുപ്പ് ഒക്റ്റോബര്‍ 25 ന് നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന്‍ കീത്തേടത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോര്‍ത്ത് ബി പി ഒ രമേശന്‍ എസ് പി സ്വാഗതവും മുഹമ്മദ് കീത്തേടത്ത് നന്ദിയും പറഞ്ഞു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ചുമതലയുള്ള കോര്‍ഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് ടീച്ചേഴ്സ് എന്നിവര്‍ സംബന്ധിച്ചു.
 

No comments:

Post a Comment